Monday, August 1, 2011

ആഗോള വ്യാപകമായ പ്രകൃതിക്ഷോഭങ്ങള്‍...



വാക്യം 6: 12-17 “ആറാം
മുദ്രപൊട്ടിച്ചപ്പോള്‍ വലിയൊരു ഭൂകമ്പം ഉണ്‍ടായി. സൂര്യന്‍ കരിമ്പടം പോലെ
കറുത്തു. ചന്ദ്രന്‍ മുഴുവനും രക്തുതുല്യമായിത്തീര്‍ന്നു. അത്തിവൃക്ഷം
പെരുങ്കാറ്റുകൊണ്‍ടുകുലുങ്ങീട്ട​ു കായി ഉതിര്‍ക്കും പോലെ ആകാശത്തിലെ
നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു. പുസ്തകച്ചുരുള്‍ ചുരുട്ടുംപോലെ ആകാശം
മാറിപ്പോയി. എല്ലാ മലയും ദ്വീപും സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോയി. ഭൂമിയിലെ
രാജാക്കന്മാരും മഹത്തുക്കളും സഹസ്രാധിപന്മാരും ധനവാന്മാരും ബലവാന്മാരും സകല
ദാസനും സ്വതന്ത്രനും ഗുഹകളിലും മലപ്പാറകളിലും ഒളിച്ചുകൊണ്‍ടു മലകളോടും
പാറകളോടും തങ്ങളുടെ മേല്‍ വീഴുവിന്‍. സിംഹാസനത്തില്‍ ഇരിക്കുന്നവന്റെ മുഖം
കാണാത്തവണ്ണവും കുഞ്ഞാട്ടിന്റെ കോപം തട്ടാതെവണ്ണവും ഞങ്ങളെ മറപ്പീന്‍.
അവരുടെ കോപദിവസം വന്നു. ആര്‍ക്കുനില്‍പ്പാന്‍ കഴിയും എന്നുപറഞ്ഞു.”

മനുഷ്യ
വര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്തവിധത്തില്‍
ദൈവീക ശിക്ഷകള്‍ തുടര്‍ച്ചയായി പ്രവഹിക്കപ്പെടുന്ന കാലമാണ് മഹോപദ്രവകാലം.
ലോകവ്യാപകമായ കഷ്ടങ്ങള്‍, സാര്‍വ്വത്രികമായ നാശം അനിതര സാധാരണമായ ഭീതികള്‍,
ഒരു തീച്ചൂളയിലേക്കെന്നപോലെ ഉരുക്കിക്കളയുന്ന അവസ്ഥയാണ് ഈ കാലം. ലോകം ഒരു
നാളും അറിഞ്ഞിട്ടില്ലാത്ത വിധത്തില്‍ സര്‍വ്വത്ര വിനാശകരമായ കാലമായിരിക്കും
മഹോദ്രവകാലം. ആറാം മുദ്രപൊട്ടിക്കുമ്പോള്‍ കാണുന്ന കഷ്ടതകള്‍ ആത്മിക
അര്‍ത്ഥത്തില്ല, അക്ഷരാര്‍ത്ഥത്തില്‍ തന്നെ സംഭവിക്കുന്നതാണ്.

''സൈന്യങ്ങളുടെ
യഹോവ ഇപ്രകാരം അരുളിചെയ്തു. കുറഞ്ഞൊന്നു കഴിഞ്ഞിട്ടും ഞാന്‍ ആകാശത്തേയും
ഭൂമിയേയും കരയേയും കടലിനെയും ഇളക്കും. ഞാന്‍ സകല ജാതികളെയും ഇളക്കും. സകല
ജാതികളുടെയും മനോഹര വസ്തുവരികയും ചെയ്യും.'' ഹഗ്ഗായി 2:6,7. അതിഗംഭീരമായ
ഒരു വചനമാണ് ദൈവം ഹഗ്ഗായിയെകൊണ്ട് പറയിപ്പിച്ചത്. സകല പ്രപഞ്ചത്തെയും
അടിമുടിയിളക്കുന്ന ഒരു മഹാസൂചനയാണ് ഈ വാക്യങ്ങളില്‍ കാണുന്നത്. ഇത്
കേട്ടാല്‍ ഭയപ്പെടാത്തവരാരുണ്ട്. ഇത് സര്‍വ്വത്ര ഇളക്കമാണ്. അഖിലാണ്ഡ
കോടികളുടെ അവസാന ഘടകവും നിലയില്ലാതെ തകര്‍ന്നടിയുന്ന ഒരു കാഴ്ചയാണിത്.
ഞാന്‍ ഇളക്കും എന്ന് അരുളിചെയ്യുന്നത് മഹാവീരനായ സൈന്യങ്ങളുടെ ദൈവമായ
യഹോവയാണ്. ആകാശത്തെയും കരയെയും കടലിനെയും ഇളക്കുമെന്നാണ് പ്രവചനം.
ഭൂമിശാസ്ത്രപരമായും ഭീകര സംഭവങ്ങളാലും ഇത് അക്ഷരംപ്രതി നിറവേറുന്നു.

''ആ
കാലത്തിലെ കഷ്ടം കഴിഞ്ഞ ഉടനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്ദ്രന്‍ പ്രകാശം
കൊടുക്കാതിരിക്കും. നക്ഷത്രങ്ങള്‍ ആകാശത്തുനിന്നുവീഴും. ആകാശത്തിലെ
ശക്തികള്‍ ഇളകിപ്പോകും.'' മത്താ. 24:29. നമ്മുടെ കര്‍ത്താവു
പറഞ്ഞിരിക്കുന്ന വചനം അതുപോലെ നിറവേറുവാന്‍ പോകയാണ്. ആറാം
മുദ്രപൊട്ടിക്കുമ്പോള്‍ പ്രകൃതി ക്ഷോഭങ്ങളുടെ വലിയ ഒരു നിരകാണാം. അത്
ഇപ്രകാരമാണ്.

1. വലിയൊരു ഭൂകമ്പം ഉണ്‍ടായി
മഹാപീഢനകാലത്തെ
ഭൂകമ്പങ്ങളുടെ ഒരു പ്രത്യേകത ലോകം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഭീകരത
അതിനുണ്‍ടായിരിക്കും എന്നുള്ളതാണ്. അതായത് എല്ലാ മലയും ദ്വീപും
സ്വസ്ഥാനത്തുനിന്ന് ഇളകിപ്പോകത്തക്കവണ്ണമുള്ള ഭൂകമ്പങ്ങളുടെ
സ്വഭാവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മാത്രമേ ഇതുവരെ മനുഷ്യലോകം
ദര്‍ശിക്കാത്ത ഭീകരാവസ്ഥ മനസ്സിലാക്കുവാന്‍ കഴിയൂ. ഇന്നത്തെ ലോകം
അത്തരത്തിലുള്ളൊരു ദാരുണാവസ്ഥയിലേക്ക് നീങ്ങിക്കൊണ്‍ടിരിക്കുന്നതായി
തിരുവചനം പറയുന്നു. സകല ന്യായവിധികളിലും വെച്ച് ഏറ്റവും ഭയങ്കരവും
വിനാശകവുമായത് ഭൂചലനമാണ്. ആറാം മുദ്രപൊട്ടിക്കുമ്പോഴും ഏഴാം ക്രോധകലശം
ഒഴിക്കുമ്പോഴും അതിഭയങ്കരമായ ഭൂകമ്പങ്ങള്‍ സംഭവിക്കുന്നു. കൂടാതെ
മഹോപദ്രവകാലത്ത് പലപ്പോഴായി ഭൂകമ്പങ്ങള്‍ നടക്കുന്നതിന്റെ രംഗങ്ങള്‍ കാണാം.
വെളി 8:5, 11:13, 11:19, 16:18-21. ''ഭൂമി ഞെട്ടിവിറച്ചു. മലകളുടെ
അടിസ്ഥാനങ്ങള്‍ ഇളകി. അവന്‍ കോപിക്കയാല്‍ അവ കുലുങ്ങിപ്പോയി.'' സങ്കീ.
18:7, 114 - 7, 97:5, 104:32, യശ - 29:6, നഹൂം 1:5,6. ദൈവത്തിന്റെ ഉള്ളം
കയ്യിലിരിക്കുന്ന ഭൂമി, അവിടുത്തെ വിരല്‍ ഒന്നനക്കിയാല്‍ കാവല്‍മാടംപോലെ
ആടും. പീഢനകാലത്തെ അനേകദുരിതങ്ങളില്‍ ഒന്നുമാത്രമാണ് ഭൂകമ്പങ്ങള്‍.

2. സൂര്യന്‍ കരിമ്പടം പോലെ കറുത്തു
സൂര്യന്‍
ഇരുണ്ടണ്‍ടുപോകും. പുറ. 10: 22. മത്താ. 27:45. 1750 മെയ് 19-ാം തിയ്യതി
ന്യൂ ഇംഗ്ലണ്‍ടില്‍ ഒരു ഇരുള്‍ ദിനമുണ്ടായതായി ചരിത്രം പറയുന്നു.
നക്ഷത്രങ്ങള്‍ കാണപ്പെടുകയും രാത്രിയുടെ എല്ലാ ലക്ഷണങ്ങളും ഉണ്‍ടാവുകയും
ചെയ്തു. ഈ ഇരുട്ടിന്റെ കാരണം ഇന്നും അജ്ഞാതമാണ്. ''യഹോവയുടെ വലുതും
ഭയങ്കരവുമായ ദിവസം വരും മുന്‍പെ സൂര്യന്‍ ഇരുളായും....'' യോവേല്‍ 2:31.
''അന്നാളില്‍ ഞാന്‍ ഉദയം ചെയ്ത സൂര്യനെ അസ്തമിപ്പിക്കുയും പട്ടാപ്പകല്‍
ഭൂമിയെ ഇരുട്ടാക്കുകയും ചെയ്യും.'' ആമോ 8:9 'സൂര്യന്‍ ഉദയത്തിങ്കല്‍ തന്നെ
ഇരുണ്‍ടുപോകും.' യശ. 13-10. 'ഞാന്‍ സൂര്യനെ മേഘം കൊണ്‍ട് മറക്കും.' യെഹെ.
32:7. യുഗാന്ത്യവേളയില്‍ ഭയാനകമായ ഇരുള്‍ ഭൂതലത്തെ മുഴുവന്‍ മൂടുമെന്ന
ദര്‍ശനം എല്ലാ പ്രവാചകന്മാരും പ്രതിപാദിക്കുന്നുണ്‍ട്.
കത്തിജ്വലിച്ചുകൊണ്‍ടിരിക്കുന്ന​ സൂര്യന്‍ ഇരുണ്‍ടുപോകുന്നതിനെക്കുറിച്ച്
ബൈബിള്‍ മുന്നറിയിച്ചിരിക്കുകയാണ്.

സൂര്യനില്‍
ഉണ്‍ടായിക്കൊണ്‍ടിരിക്കുന്ന സൂര്യകളങ്കം ശാസ്ത്രലോകത്തില്‍ അമ്പരപ്പ്
സൃഷ്ടിച്ചിരിക്കുകയാണ്. സൂര്യന്റെ ചിലഭാഗങ്ങള്‍ സദാസമയവും ഇരുണ്‍ടുപോകുന്ന
പ്രതിഭാസത്തെയാണ് സൂര്യകളങ്കം എന്നു പറയുന്നത്. 1947 ഏപ്രില്‍ മാസം 8-ാം
തിയ്യതി സൂര്യനില്‍ ഒരു ലക്ഷത്തി എണ്‍പതിനായിരം ചതുരശ്ര കിലോമീറ്റര്‍
ഇരുള്‍ മൂടിയിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

സൂര്യകളങ്കം
നിമിത്തം 'സണ്‍ഷോക്ക്' ഉണ്‍ടാവുകയും പലരാജ്യങ്ങളിലും ആരോഗ്യവാന്മാരായ അനേകം
ആളുകള്‍ പിടഞ്ഞു മരിക്കുവാന്‍ ഇടയാവുകയും ചെയ്തു. എല്ലാരാജ്യങ്ങളിലും
എല്ലാവര്‍ഷവും ഈ പ്രതിഭാസം ആവര്‍ത്തിക്കാറുണ്‍ട്. സണ്‍ഷോക്കിനാല്‍
കഴിഞ്ഞവര്‍ഷവും അനേകര്‍ മരിക്കുകയുണ്‍ടായി. ഇന്നുവരെ
ഉണ്‍ടായിട്ടുള്ളതിനെക്കാള്‍ ഏറ്റവും വലിയ കളങ്കം അഥവാ സൂര്യ കരിമ്പടം പോലെ
കറുകണക്കെ നിലയിലുള്ള സംഭവം മഹോപദ്രവകാലത്തുണ്ടാകും. കൂടാതെ സൂര്യനില്‍
സ്‌ഫോടനങ്ങളുണ്‍ടാകുന്നതിന്റെ ഫലമായുണ്ടാകുന്ന പുകപടലങ്ങളില്‍ സൂര്യന്‍
മറയെക്കപ്പെടുകയും കരിമ്പടം പോലെ കാണുകയും ചെയ്യും.

3. ചന്ദ്രന്‍ രക്തതുല്യമായിതീര്‍ന്നു
ഭൂമിയുടെ
നാലിലൊന്ന് വലിപ്പമുള്ള ഒരു ഉപഗ്രഹമാണ് ചന്ദ്രന്‍. ചന്ദ്രന്‍ സ്വയം
പ്രകാശമില്ലാത്ത ഒരു ഗോളമാണ്. ചന്ദ്രനില്‍ സൂര്യപ്രകാശം തട്ടിതിളങ്ങുന്ന
ഭാഗം ഭൂമിയില്‍ ദൃശ്യമാകുന്നത് ഏറിയുംകുറഞ്ഞുംവരും. സ്വയമായി ചൂടും
വെളിച്ചവും ഇല്ലാത്ത ഒരു ഗോളമാണ് ചന്ദ്രന്‍. ഭൂമി ചന്ദ്രനോട് അടുത്താലും
ചന്ദ്രന്‍ ഭൂമിയോട് അടുത്താലും ഭൂമിയോ ചന്ദ്രനോ ഉരുകിപ്പോകുമെന്നോ
തണുത്തുറഞ്ഞുപോകുമെന്ന ഭയപ്പെടേണ്‍ടതില്ല. എങ്കിലും ഭൂമിയിലെ ജീവജാലങ്ങളുടെ
നിലനില്‍പ്പിന് ചന്ദ്രന്‍ ഭൂമിയില്‍ നിന്ന് നിശ്ചത അകലം മാറി
സഞ്ചരിക്കുന്നു. പകല്‍ വാഴുന്ന സൂര്യനും രാത്രി വാഴുന്ന ചന്ദ്രനും
മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളാണ്.

''ചന്ദ്രന് ശോഭയില്ലല്ലോ' ഇയ്യോ. 25: 5. ചന്ദ്രന്‍ ശോഭയില്ലാത്ത ഒരു ഗ്രഹമാണെന്ന് തിരുവചനം വ്യക്തമാക്കിയിരിക്കുന്നു.

സൂര്യനില്‍
ബാധ തട്ടിയാല്‍ അത് ചന്ദ്രനെയും ഭൂമിയെയും ബാധിക്കും എന്നതാണ്. സൂര്യന്‍
കരിമ്പടം പോലെ കറുത്തതോടൊപ്പം ചന്ദ്രന്‍ മുഴുവനും രക്തതുല്യമായിതീരുകയും
ചെയ്തു. ചന്ദ്രന്‍ മുഴുവനും എന്ന് പറഞ്ഞത് ഇത് പൂര്‍ണ ചന്ദ്രന്റെ
ദിവസമായിരിക്കും... ചന്ദ്രന്‍ രക്തമായും മാറിപ്പോകും. യേവേല്‍ 2:31. ......
''ചന്ദ്രന്‍ പ്രകാശം നല്‍കുകയുമില്ല. യശ. 13:10; യെഹെ 32:7, മത്താ 24:29,
മര്‍ക്കോ 13:24, ലൂക്കോ 21:25.

4. നക്ഷത്രങ്ങള്‍ ഭൂമിയില്‍ വീണു
നക്ഷത്രങ്ങളെക്കുറിച്ചുള്ള
പഠനത്തില്‍ അവയെല്ലാം ഭൂമിയേക്കാള്‍ അനേകം മടങ്ങ് വലിപ്പമുള്ളതാണ്. വളരെ
ചെറിയ ഈ ഭൂമിയിലേക്ക് അത്തിക്കായ്‌പോലെ നക്ഷത്രങ്ങള്‍ അനവധിയായ്
പൊഴിയുമെന്നുപറഞ്ഞാല്‍ അതിശയോക്തിതോന്നും. നക്ഷത്രങ്ങള്‍ താഴേക്കു വീണു
എന്നു പറയുന്നത്, അവ പൊട്ടിത്തെറിച്ച് ചെറുകഷ്ണങ്ങളായി അഥവാ ഉള്‍ക്കകളായി
ഭൂമിയില്‍ പതിക്കുന്നതിനെക്കുറിച്ചാണ്. മഹാപീഢന നാളുകളില്‍ ആകാശഗോളങ്ങള്‍ -
മുന്തിരിവള്ളിയില്‍ നിന്ന് ഇലപൊഴിയും പോലെയും അത്തിവൃക്ഷത്തില്‍ നിന്ന്
പഴം പൊഴിയുന്നതുപോലെയും ആകാശത്തുനിന്ന് നക്ഷത്രങ്ങള്‍ ഭൂമിയില്‍ പതിക്കും.
യശ. 34: 4. കൂടാതെ ഇവിടെ പറയുന്ന നക്ഷത്രങ്ങള്‍ കൊള്ളിമൂനകളോ (ഷൂട്ടിംഗ്
സ്റ്റാര്‍സ്) ആകാം. 1833 നവംബര്‍ 13ന് കൊള്ളിമീന്‍ വര്‍ഷം തന്നെ
നടന്നിട്ടുണ്‍ട്. അത് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ മദ്ധ്യം മുതല്‍ പസഫിക്
സമുദ്രം വരെ കാണപ്പെട്ടു. മൂന്നു മണിക്കൂര്‍ ആ വര്‍ഷം തുടര്‍ന്നു.
മര്‍ക്കോ. 13: 25. മഹാപീഢനകാലത്ത് ഇത് ചില മണിക്കൂറകളോ ചിലദിവസങ്ങളോ
നീണ്ടുനില്‍ക്കും. വസന്തകാലത്തും, ശീതകാലത്തും അത്തിയില്‍ ഉണ്‍ടാകുന്ന കായ്
വിളയുന്നതിന് മുമ്പ് കൊടുങ്കാറ്റിനാല്‍ ഉതിര്‍ന്നു വീഴുന്നത് ഫലസ്തീനില്‍
സര്‍വ്വസാധാരണമാണ്. ഇതുപോലെ നക്ഷത്രങ്ങള്‍ അഥവാ, ഉല്‍ക്കകള്‍ ധാരാളമായി
ഭൂമിയില്‍ വീഴും. ആകാശത്തട്ടുകളില്‍ ഉരസി കത്തിപ്പോകുന്നതിനാലാണ് ഇന്ന്
ഉല്‍ക്കകള്‍ ഭൂമിയില്‍ വീഴാതിരിക്കുന്നത്. ആകാശത്തട്ടുകളില്‍ മാറ്റം
വന്നാല്‍ ഉല്‍ക്കകള്‍ ധാരാളമായി ഭൂമിയില്‍ വീഴും എന്നത് ഒരു ശാസ്ത്ര
തത്വമാണ്. മര്‍ക്കോ. 13: 25. മത്താ. 24:29. 1994 നവംബറില്‍ സ്പ്രിംഗ്
ഫീല്‍ഡില്‍ ഉണ്ടായ ഉല്‍ക്ക മഴയുടെ ചിത്രം 1999 നവംബര്‍ 19ന് മനോരമ
പത്രത്തില്‍ കൊടുത്തിരുന്നു. ഇതേപ്പറ്റി പഴയ നിയമത്തില്‍ പ്രവചനങ്ങളുണ്‍ട്.
യോവേ 2:10,31, 3:15 സെക 14:6. 2004 നവംബര്‍ 8-#ാ#ം തിയ്യതി രാത്രിയില്‍
ജോര്‍ഡാന്റെ തലസ്ഥാനമായ അമ്മാനില്‍ ഉല്‍ക്കമഴ പെയ്തതായി റിപ്പോര്‍ട്ടു
ഉണ്‍ടായിരുന്നു.

5. ആകാശം മാറിപോകുന്നു
പുസ്തക ചുരുള്‍ ചുരുട്ടും
പോലെ ആകാശം മാറിപോകുന്നു എന്നാണ് നാം വായിക്കുന്നത്. മഹോപദ്രവകാലത്ത്
പുസ്തകചുരുള്‍ചുരുട്ടുപോലെ ആകാശം മാറിപോകുന്നതിനെക്കുറിച്ച് വിശ്വസിക്കാന്‍
സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാണ്. ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം
തന്റെ തലക്ക് മീതെ കാണുന്നത് ആകാശം എന്നുമാത്രമല്ലാതെ അത് മാറിപ്പോകുന്ന
കാര്യം അവന് ചിന്തിക്കുവാനേ കഴിയുന്നതല്ല. ആകാശത്തിന്റെ പല തട്ടുകളും
അത്ഭുത പൂര്‍വ്വമായ ചില ക്രമീകരണങ്ങളും ഉണ്‍ട്. ആകാശം എന്നാല്‍ ശൂന്യമായ
ഒന്നല്ല. നിരവധി വാതകങ്ങളുടെ സഞ്ചയമാണ് ആകാശം. നമ്മുടെ ഭൂമിയില്‍ ഒരു
അന്തരീക്ഷ മണ്ഡലമുണ്‍ട്. ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് ഏകദേശം 1200
കിലോമീറ്ററോളം അന്തരീക്ഷമണ്ഡലമാണ്. സൂര്യനില്‍ നിന്നുവരുന്ന ചൂട്
ആകാശത്തട്ടുകളില്‍ കൂടി ഊര്‍ന്നു വരുന്നതിനാല്‍ നല്ലൊരു ശതമാനത്തില്‍
ഭൂമിയില്‍ എത്തുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് സൂര്യതാപത്താല്‍ നാം
വെന്തുരുകിപ്പോവാതെയിരിക്കുന്നു​.

ആറാം മുദ്ര പൊട്ടിക്കുമ്പോള്‍
പുസ്തകചുരുള്‍ ചുരുട്ടുപോലെ ആകാശം മാറിപ്പോകും. പഴയ കാലങ്ങളില്‍ വലിയ
ചുരുട്ടുകളിലാണ് എഴുതിയിരുന്നത്. ഇവയെ നിവര്‍ത്തിയിട്ട് കൈവിടുകയാണെങ്കില്‍
വേഗത്തില്‍ അത് ചുരുണ്‍ട് പൂര്‍വ്വ സ്ഥിതിയിലാകും. ചുരുട്ടി
വച്ചിരിക്കുന്ന പായ് നിവര്‍ത്തിയിട്ട് കൈവിട്ടാല്‍ ഉണ്‍ടാകുന്ന അനുഭവം,
ആകാശവിതാനത്തിന്റെ മദ്ധ്യഭാഗത്ത് വച്ച് കീറിയാല്‍ അഥവാ ഒരറ്റം
വേര്‍പ്പെടുത്തിക്കൊടുത്താല്‍ വീണ്ടും പഴയതു പോലെ ചുരുണ്ടു മാറിക്കൊള്ളുന്ന
അവസ്ഥ. യശ. 34: 4. വസ്ത്രം മടക്കുന്നതുപോലെ മടക്കി ദൈവം അതിനെ അതിന്റെ
സ്ഥാനത്തു നിന്ന് നീക്കിക്കളയും. സങ്കീ. 102 :25,26 ലൂക്കോ. 21:25,26

ഭൂമിയുടെ
ഉപരിതലത്തില്‍ ഓസോണ്‍ ലയര്‍ എന്ന ഒരു ആകാശത്തട്ടുണ്‍ട്. ഇത് ഒരു കുടപോലെ
ഭൂമികകുമുകളില്‍ ഉയര്‍ന്നുനിന്നുകൊണ്‍ട് സൂര്യകിരണങ്ങളെ അരിക്കുന്ന ഒരു
അരിപ്പയായി പ്രവര്‍ത്തിക്കുകയും മാരക കിരണങ്ങളെ തടഞ്ഞു നിര്‍ത്തുകയും
ചെയ്യുന്നു. ഓസോണ്‍ ലെയറിന് കേട് പറ്റിയാല്‍ വലിയ അപകടം ആണ്. ഇപ്പോള്‍
തന്നെ അമേരിക്കയെക്കാള്‍ വലുപ്പത്തില്‍ ഒരു ഭീകരമായ ദ്വാരം ഓസോണ്‍ ലെയറില്‍
ഉണ്‍ടായിക്കഴിഞ്ഞു. കൂടാതെ ആര്‍ട്ടിക്കയിലും ഒരു സുഷിരം
രൂപാന്തരപ്പെട്ടുകഴിഞ്ഞു. ഇതിന്റെ ഫലമായി റേഡിയേഷന്‍ കാര്യമായി ബാധിക്കും.
ത്വക് രോഗങ്ങള്‍, പരുക്കള്‍, ക്യാന്‍സര്‍ ഇവയെല്ലാം മനുഷ്യരില്‍
വര്‍ധിക്കും. ഇതു നിമിത്തമാണ് കാലാവസ്ഥ വ്യതിയാനങ്ങള്‍
ഉണ്‍ടായിരിക്കുന്നത്. പലയിടത്തും മഞ്ഞുമലകള്‍ ഉരുകുന്നു. ചൂട്
വര്‍ദ്ധിക്കുന്നു. ഓസോണ്‍ ലയര്‍ കൂടുതല്‍ തകര്‍ന്നിട്ടുള്ള കാനഡയുടെ
ഭാഗത്ത് സ്‌കിന്‍ ക്യാന്‍സര്‍ വര്‍ധിക്കുന്നു. ആര്‍ട്ടിക്, അന്റാര്‍ട്ടിക്
മുതലായ സ്ഥലങ്ങള്‍ക്കുമീതെയുള്ള ഓസോണ്‍ പാളിയിലെ വിടവ് ഭൂമിയുടെ
പരിതസ്ഥിതിയെ എല്ലാ നിലയിലും ബാധിക്കുന്നു. ആസന്നഭാവിയില്‍ സമുദ്ര
ജലനിരപ്പ് വളരെയധികം ഉയരും. കരഭാഗങ്ങള്‍ പലയിടത്തും നഷ്ടപ്പെടും.
പലദ്വീപുകളും വെള്ളത്തില്‍ മുങ്ങിപ്പോകും. വമ്പന്‍ കെട്ടിടങ്ങള്‍
അപകടത്തിലാകും. വിശുദ്ധന്മാര്‍ ലോകത്തില്‍ നിന്നും എടുക്കപ്പെട്ടു
കഴിഞ്ഞാല്‍ ഈ ഓസോണ്‍ പാളികള്‍ തകരും. അതാണ് ആറാം മുദ്ര പൊട്ടിക്കുമ്പോള്‍
കാണുന്നത്. ദൈവം 'ആകാശത്തെ നടുങ്ങുമാറാക്കും.' യശ. 13:13 രു ചുരുള്‍ പോലെ
ചുരുണ്ടുപോകും..' യശ. 34: 4. 'ഉടുപ്പുപോലെ നീ അവയെ മാറ്റും.' സങ്കീ. 102:
25, 26. 'ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു. അവ നശിക്കും. നിയോ
നിലനില്‍ക്കും. ' സങ്കീ. 102: 25. കര്‍ത്താവിന്റെ സഭയാം മണവാട്ടി
ഇവിടെയുള്ളതിനാല്‍ ഇപ്പോള്‍ ഇത് സംഭവിക്കുന്നില്ല. സഭ എടുക്കപ്പെട്ടതിനു
ശേഷം ഇത് സംഭവിക്കും

6. മലകളും ദ്വീപുകളും മാറിപ്പോകുന്നു
മലകളും
ദ്വീപുകളും മാറ്റമില്ലാത്തവയായി മനുഷ്യന്‍ കരുതുന്നു. അതും മാറ്റപ്പെടാന്‍
പോകയാണ്. 'അവന്റെ മുന്‍പില്‍ പര്‍വ്വതങ്ങള്‍ കുലുങ്ങുന്നു. കുന്നുകള്‍
ഉരുകിപ്പോകുന്നു. അവന്റെ സന്നിധിയില്‍ ഭൂമി ഞെട്ടിപ്പോകുന്നു. നഹൂം. 1:5,6
'ഞാന്‍ പര്‍വ്വതങ്ങളെ നോക്കി. അവ വിറക്കുന്നതായി കണ്ടു. കുന്നുകള്‍ എല്ലാം
ആടിപ്പോകുന്നു. യിരമ്യ 4;24. മഹോദ്രവകാലത്ത് പ്രപഞ്ചത്തിലെ സുസ്ഥിരമായ
എല്ലാം തന്നെ ഇളകിമറിഞ്ഞ് ക്രമംതെറ്റി ഭയങ്കരമായ കുഴപ്പങ്ങളുണ്‍ടാകും.

ജപ്പാന്റെ
ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടുള്ളതിലേക്കും ഏറ്റവും ശക്തമായ ഭൂകമ്പമാണ്
കഴിഞ്ഞ മാസം (2011 മാര്‍ച്ച് മാസം) ഉണ്‍ടായത്. തുടര്‍ ചലനങ്ങള്‍ ജപ്പാന്
ഭീഷണി ഉയര്‍ത്തുന്നു. ലക്ഷക്കണക്കിന് പേരുടെ മരണത്തിനു മറ്റ്
നാശനഷ്ടങ്ങള്‍ക്കും കാരണമായി. 2010 ന്റെ ആരംഭത്തില്‍ ഹെയ്ത്തിയിലുണടായ
ഭൂകമ്പത്തേക്കാള്‍ നൂറുമടങ്ങ് ശക്തിയേറിയതായിരുന്നു ജപ്പാനിലെ ഭൂകമ്പം.
പസഫിക് മഹാസമുദ്രത്തില്‍ നിന്ന് ജപ്പാന്റെ കിഴക്കന്‍ തീരത്തേക്ക്
ആഞ്ഞടിച്ചുകയറിയ സുനാമി തിരകള്‍ക്ക് 30 അടിയോളം ഉയരമുണ്‍ടായിരുന്നു.
തീരത്തുനിന്ന് ആറ് മൈലോളം ദൂരത്തില്‍ കരയിലേക്ക് ആര്‍ത്തലച്ചു കയറിയ
സുനാമിതിരമാലകള്‍ ആയിരക്കണക്കിന് മനുഷ്യജീവനും നിരവധി പേരുടെ വസ്തുവകകളും
മറ്റ് ജീവനമാര്‍ഗ്ഗങ്ങളും നിമിഷ നേരം കൊണ്‍ടു വിഴുങ്ങി. ഭൂകമ്പത്തിന്റെ
ആഘാതത്തില്‍ ജപ്പാന്‍ ദ്വീപിന് 204 മീറ്ററോളം സ്ഥാനമാറ്റവും ഭൂമിയുടെ
അച്ചുതണ്‍ടിന് 10 സെന്റിമീറ്റര്‍ സ്ഥാനചലനവും ഉണ്‍ടായി. ഇത് ദിവസത്തിന്റെ
ദൈര്‍ഘ്യത്തിന്റെ 1.6 മൈക്രോസെക്കന്റ് കുറയ്ക്കും. ഭൂമിയുടെ കറക്കത്തിന്റെ
വേഗം കൂടിയതു കൊണ്‍ടാണ് ഇത് സംഭവിക്കുന്നത്. ഭൂകമ്പത്തിന്റെ തീവ്രതയില്‍
ഭൂമിയുടെ ഉപരിപാളിക്ക് 400 കിലോ മീറ്റര്‍ നീളത്തിലും 160 കിലോമീറ്റര്‍
വീതിയിലും പൊട്ടലുണ്‍ടായിട്ടുണ്ട്.

മഹോപദ്രവകാലത്ത് 6-ാം
മുദ്രപൊട്ടിക്കുമ്പോള്‍ എല്ലാ മലയും ദ്വീപും സ്വസ്ഥാനത്ത് നിന്ന്
ഇളകുകയാണ്. ഭൂമിയാകെ തകിടം മറിഞ്ഞു സര്‍വ്വത്രനശിക്കുകയാണ്. ദ്വീപുകളും
പര്‍വ്വതങ്ങളും എല്ലാം തകരും. സമുദ്രാന്തര്‍ഭാഗത്തുണ്‍ടാകുന്ന​ ശക്തിയേറിയ
ഭൂകമ്പം മൂലം ദ്വീപുകള്‍ സ്വസ്ഥനത്തുനിന്ന് ഇളകിപോകയാണ്. ഹ. എത്ര ഭയങ്കരം!

ഈ ആഗോള വിപത്തില്‍പെടുന്നവര്‍
1. രാജാക്കന്മാര്‍ (ദി കിംഗ്) ക്രിസ്തുവിനോടു എതിര്‍പ്പുള്ള രാജാക്കന്മാര്‍ - സങ്കീ 2:2
2. മഹത്വക്കുള്‍ (മജിസ്‌ട്രേറ്റ്) പട്ടാളമേധാവികള്‍ മര്‍ക്കോ 6 : 21; യോഹ 3:7
3. ധനവാന്മാര്‍ (ദി റിച്ച്) ധനം ആര്‍ജ്ജിച്ച സുരക്ഷിതരായി കഴിയുന്നവര്‍ യാക്കോ 5:1
4. തലവന്മാര്‍ (The mighty) സമൂഹത്തിലെ ഉന്നതന്മാര്‍
5. ദാസന്മാര്‍ (The slaves) സമൂഹത്തിലെ ഹീനര്‍
6.
സ്വതന്ത്രര്‍ (The free) അടിമകളല്ലാതെ വിടുവിക്കപ്പട്ടവര്‍ ഇവരെല്ലാം
ദൈവിക കോപത്തിന്റെ മുന്‍പില്‍ ഓടിമറയാന്‍ ശ്രമിക്കും. യശ 2:19,20.

ഭൂകമ്പം
മൂലം പൊട്ടിത്തെറിക്കുന്ന പാറകള്‍ക്കിടയില്‍ ധാരാളം വിടവുകള്‍ ഉണ്‍ട്. ആ
പാറപ്പിളര്‍പ്പുകള്‍ ലക്ഷ്യമിട്ട് മനുഷ്യര്‍ ഓടി ഒളിക്കും. മലകളോടും
പാറകളോടും നിലവിളിക്കുന്ന ദയനീയാവസ്ഥയില്‍ അവര്‍ എത്തിച്ചരും. രാജാവു
മുതല്‍ അടിമവരെ സകലരും ഭയന്നോടും. ദൈവ ക്രോധത്തിന്റെ ന്യായവിധിയില്‍
നിന്ന് തെറ്റിയൊഴിയുവാന്‍ ആര്‍ക്കും കഴിയുകയില്ല. ''അന്നു മലകളോട് ഞങ്ങളുടെ
മേല്‍ വീഴുവിന്‍ എന്നും കുന്നുകളോട് ഞങ്ങളെ മൂടുവിന്‍ എന്നും പറഞ്ഞു
തുടങ്ങും. ''ലൂക്കോ. 23:30, ഹോശ 10:8, യശ 2:10-2. ദൈവത്തെ വിശ്വസിക്കുവാനും
ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനും കഴിയാത്തവര്‍ അന്നു പാറകളോടു
നിലവിളിക്കും. അതിഭയങ്കരമായ ഭൂകമ്പത്താല്‍ ഭൂമിയുടെ മുഖച്ഛായ
മാറിക്കഴിഞ്ഞപ്പോള്‍ കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിലംപൊത്തിയതിനാല്‍, മലകളും
ദ്വീപുകളും തല്‍സ്ഥാനത്തുനിന്ന് മാറിയതിനാല്‍, സൂര്യനിലും
ചന്ദ്രനക്ഷത്രങ്ങളിലും ആകാശത്തിലും ദൈവ ക്രോധം പകരപ്പെടുന്നതിനാല്‍,
ആകാശത്തിലെ ഓസോണ്‍ പാളികള്‍ തകര്‍ന്നതിനാല്‍, ഭൂവാസികള്‍ ദുര്‍വൃണങ്ങള്‍
നിറഞ്ഞവരായി വെന്തുരുകുന്നതിനാല്‍, ഉല്‍ക്കകള്‍ ഭൂമിയിലേക്ക്
പ്രവഹിക്കുന്നതിനാല്‍ പ്രാണരക്ഷാര്‍ത്ഥം പാറപ്പിളര്‍പ്പുകളിലേക്കും മറ്റും
ഓടുകയാണ്. തകര്‍ന്നടിയുന്ന ഗുഹകളിലും മലപാറകളുടെ പിളര്‍പ്പുകളിലും കിടന്ന്
അവര്‍ നിലവിളിക്കുകയാണ്. ശക്തിയേറിയ കൊടുങ്കാറ്റില്‍ നിന്നു
കല്‍മഴയില്‍നിന്നും രക്ഷപ്പെടുവാന്‍ മനുഷ്യര്‍ പരാക്രമം കാട്ടുകയാണ്.
സിംഹാസനത്തില്‍
ഇരിക്കുന്നവന്റെ മുഖം കാണാതവണ്ണവും കുഞ്ഞാടിന്റെ കോപം തട്ടാത്ത വണ്ണവും
ഞങ്ങളെ മറപ്പിന്‍ എന്നാണ് നിലവിളി. കുറ്റബോധത്തിന്റെ ആദ്യപ്രതികരണം
ദൈവമുന്‍പില്‍ നിന്ന് ഓടിപ്പോവുകയാണ്. ആദാമും ഹവ്വായും ദൈവത്തില്‍ നിന്ന്
മറഞ്ഞിരിക്കാന്‍ ശ്രമിച്ചു. ഉല്പ. 3:8. പാപി ദൈവസന്നിധിയെ ഭയപ്പെടുന്നു.
കുഞ്ഞാട് ശാന്തതയുടെയും സൗമ്യതയുടെയും പ്രതീകമാണ്. എന്നാല്‍ കുഞ്ഞാട് ഇവിടെ
കോപിക്കുന്നു. കുഞ്ഞാടിന്റെ കോപം എന്ന പ്രയോഗം തിരുവചനത്തില്‍ ഇവിടെ
മാത്രമേ ഉള്ളൂ.
ഈ സംഭവങ്ങള്‍ എല്ലാം ദൈവകോപം ആണെന്നുള്ള അറിവ് അവര്‍ക്ക് ലഭിക്കും.
അവരുടെ
മഹാകോപദിവസം എന്നാല്‍ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും മഹാകോപദിവസം
എന്നര്‍ത്ഥം. ഇംഗ്ലീഷില്‍ അവന്റെ എന്നാണ്. ദൈവവും കുഞ്ഞാടും എന്നുപറഞ്ഞശേഷം
അവന്റെ എന്ന ഏക വചന പ്രയോഗം കര്‍ത്താവിന്റെ ദൈവത്വത്തിന് തെളിവാണ്. ദിവസം
എന്നത് ഒരു കാലഘട്ടത്തെ കുറിക്കുന്നു. യഹോവയുടെ ദിവസം എന്നകാലഘട്ടത്തില്‍
ആണ് കോപദിവസമായ പീഢകാലവും ഉള്‍പ്പെടുന്നത്. സെഫ. 1:15, 18, 2:3, റോമ. 2: 5.
നഹൂം 1:6, മലാ 3:2. അവര്‍ക്ക് അന്ന് കോപദിവസം ആണ്.
കുഞ്ഞാട് ഇന്ന്
സ്‌നേഹത്തോടെ വിളിക്കുന്നു. എന്നാല്‍ അന്ന് കുഞ്ഞാട് കോപിക്കുന്ന നാള്‍
ആണ്. 11:18, 14:10, 16:19, 19:15 ആ കോപദിവസം വരുന്നതിന് മുന്‍പ് ഇന്ന് അവനെ
ശരണം പ്രാപിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. സങ്കീ. 2:12. ആഗോള വ്യാപകമായി
ഉണ്‍ടാകുവാന്‍ പോകുന്ന മഹാ ദുരന്തത്തില്‍ നിന്നും സമ്പൂര്‍ണ്ണമായി
രക്ഷപ്പെടുവാന്‍ ഈ കൃപായുഗത്തില്‍ താങ്കള്‍ക്ക് കഴിയും. ഇത്
സുപ്രസിദ്ധകാലമാകയാല്‍ യേശുവില്‍ കൂടി നിത്യജീവന്‍ അവകാശമാക്കുവാന്‍
സാധിക്കും. ആകയാല്‍ കര്‍ത്താവിന്റെ വരവിങ്കല്‍ എടുക്കപ്പെടുവാന്‍ ഒരുങ്ങുക..........

No comments:

Post a Comment